പ്രവാസികള്‍ക്ക് നാട്ടിലെത്താനായി ബഹ്റൈനിലെ പ്രവാസി കൂട്ടായ്മ സഹായത്തിനെത്തുന്നു. ജോലി നഷ്ടപ്പെട്ടിരിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ദൗത്യമാണ് പ്രവാസി യാത്രാ മിഷന് എന്ന ജനകീയ കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്നത്. നന്മയുള്ള മനുഷ്യര്‍ വാഗ്ദാനം ചെയ്യുന്ന എയര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ചാണ് പ്രവാസികള്‍ക്ക് സൗജന്യ യാത്രക്ക് വഴിയൊരുക്കുന്നത്. ഇതിനായുള്ള ജനകീയ എയര്‍ ടിക്കറ്റ് ശേഖരണം വിജയകരമായി കൂട്ടായ്മ പൂര്‍ത്തിയാക്കി.
ബഹ്റൈനിലെ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം പേരുടെ പൊതു കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനത്തില്‍ 170 പേരെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ യാത്ര കാര്യങ്ങളില്‍ സഹായിക്കുന്നതിന് മുമ്പാണ് മിഷന്റെ പേരില്‍ വാട്ട്സാപ്പ് കൂട്ടായ്മക്ക് തുടക്കമിട്ടത്.
വന്ദേഭാരത് ദൗത്യത്തിലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും നാട്ടിലേക്ക് പോകുന്നവര്‍ക്ക് യാത്രക്കാവശ്യമായ സഹായങ്ങള്‍ ചെയ്യുക, പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച കൂട്ടായ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് പരസ്പരമുള്ള ആശയ വിനിമയത്തിലൂടെ ദ്രുതവേഗത്തില്‍ നടക്കുന്നത്. ടിക്കറ്റിനായും മറ്റും ഗ്രൂപ്പില്‍ എത്തുന്ന സഹായ അഭ്യര്‍ഥനകള്‍ക്ക് പരിഹാരം കാണാന്‍ അംഗങ്ങള്‍ കൂട്ടായി ശ്രമിക്കുന്നു. പത്തോളം പേര്‍ക്ക് ഇതിനകം കൂട്ടായ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ടിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്കി.
കൂട്ടായ ശ്രമങ്ങളിലൂടെ പ്രവാസികള്‍ക്ക് വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് വഴി കൂട്ടായ്മ ഏകോപിപ്പിച്ചു. ഇത്തരം സഹായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതോടൊപ്പം ദുരിതം അനുഭവിക്കുന്നവരെ സൗജന്യമായി ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കുക എന്ന ആശയം കൂടി മിഷന് മുന്നോട്ട് വെച്ചു. ടിക്കറ്റ് വാഗ്ദാനം ചെയ്ത് നിരവധി പേര് കൂട്ടായ്മയെ സഹായിക്കാനായി രംഗത്തെത്തി. വിമാനം ഉടന്‍ തന്നെ ചാര്‍ട്ടര്‍ ചെയ്ത് ബഹ്റൈനില്‍ നിന്ന് അര്‍ഹരായവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. താല്പര്യമുള്ളവര് കൂട്ടായ്മയുമായി 3343 3530, 36710698, 3438 7720 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.