പാലക്കാട്: സാവിത്രി ലക്ഷ്മണന് ശേഷം കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ വനിതാ അംഗമായി രമ്യ ഹരിദാസ് മാറും. 91 ല്‍ സാവിത്രി ലക്ഷ്മണന് വിജയിച്ച ശേഷം പ്രൊഫ. കെ കെ വിജയലക്ഷ്മി ടീച്ചര്‍, കെ തുളസി, ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ, ഷാഹിദ കമാല്‍, പത്മജ വേണുഗോപാല്‍, കെ എ ഷീബ തുടങ്ങിയ വനിതാ നേതാക്കളെ കോണ്‍ഗ്രസ് പല തെരഞ്ഞെടുപ്പുകളിലായി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇവരാരും ജയിച്ചു കയറിയിട്ടില്ല.
കെ ആര് നാരായണന് ശേഷം പി കെ വിജയലക്ഷ്മി രണ്ടു തവണ ഒറ്റപ്പാലത്ത് പരീക്ഷിച്ചതാണ്. ഇപ്പോഴത്തെ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ ഭാര്യ കെ തുളസി ടീച്ചറും മത്സരിച്ചെങ്കിലും അതും വിജയം കണ്ടില്ല. ഒടുവില്‍ ഇത്തവണ രണ്ടു പേരെയായിരുന്നു കോണ്‍ഗ്രസ് പരിഗണിച്ചത്. അതില്‍ ഷാനിമോള്‍ ഉസ്മാന് ആലപ്പുഴയില്‍ പരാജയത്തോട് അടുക്കുകയാണ്. രമ്യ ഹരിദാസ് വിജയം ഉറപ്പിക്കുകയും ചെയ്തു.
ആദ്യമായാണ് ഒരു ഹരിജന്‍ വനിത കോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്നും ലോക്സഭയില്‍ എത്തുന്നത്. ആലത്തൂരുകാരി അല്ലായിരുന്നിട്ടും ഇവിടെ മത്സരിച്ച് ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്റെ ക്രെഡിറ്റുമായാണ് രമ്യയുടെ മുന്നേറ്റം.


