തൃശൂർ: വാഴപ്പിണ്ടി സ്വീകരിക്കരുതെന്നു പൊലീസും ഭക്ഷ്യവകുപ്പും സ്പീഡ് പോസ്റ്റോഫീസിനു സന്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനു യൂത്ത് കോൺഗ്രസ് വാഴപ്പിണ്ടി അയക്കുമെന്ന വിവരത്തെത്തുടർന്നു തുടർന്നാണിത്. തുടർന്നു സ്വകാര്യ കുറിയർ സർവീസ് വഴി വാഴപ്പിണ്ടി അയച്ചു.

കാസർകോട് ഇരട്ടക്കൊലയിൽ സാംസ്കാരിക നായകർ മൗനം പാലിച്ചതിൽ പ്രതിഷേധിച്ചു നട്ടെല്ലിനു പകരം ഉപയോഗിക്കാമെന്ന സന്ദേശത്തോടെ യൂത്ത് കോൺഗ്രസ് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചിരുന്നു. ഇതിനെ മുഖ്യമന്ത്രി വിമർശിച്ചതോടെയാണ് അദ്ദേഹത്തിനുകൂടി വാഴപ്പിണ്ടി സമ്മാനിക്കാൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച വാഴപ്പിണ്ടിയുമായി എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞ വിവരം അറിയുന്നത്. തുടർന്നു സ്വകാര്യ സർവീസിനെ ആശ്രയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ, ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ തുടങ്ങിയവർ നേതൃത്വം നൽകി.


