കാസർകോട്: പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടും സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരന് എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെയാണ് പ്രതിഷേധമുണ്ടായത് . പ്രതിഷേധം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്ന് പി.കരുണാകരന് ആരോപിച്ചു.

പി.കരുണാകരൻ, എം.എൽ.എ കെ.കുഞ്ഞിരാമൻ, എല്‍.ഡി.എഫ് കണ്‍വീനര്‍ സതീഷ് ചന്ദ്രന് ഉള്‍പ്പടെയുള്ള സംഘത്തെയാണ് കല്യോട്ട് ടൗണിൽ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സി.പി.എം സംഘം തിരിച്ചു പോകണമെന്നാവശ്യപ്പെട്ടായിരുന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ പ്രതിഷേധം.
അക്രമിക്കപ്പെട്ട കല്യോട്ടെയും പെരിയയിലെയും പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും സംഘം സന്ദർശിച്ചു. കേസിലെ പ്രതിയായ പീതാംബരന്റെ വീടും സംഘം സന്ദർശിച്ചു. പ്രദേശത്ത് 5 കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായതായും അക്രമം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു.

