തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും നോട്ടീസ്. ഡ്രൈവര്‍ യദു നല്കിയ സ്വകാര്യ അന്യായ ഹരജിയിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്. ആര്യയെയും സച്ചിനെയും ഒഴിവാക്കിയതിനെതിരെയായിരുന്നു യദു കോടതിയെ സമീപിച്ചത്.
നേരത്തെ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
2024 ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പട്ടം പ്ലാമൂടുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും വാഹനത്തിലുണ്ടായിരുന്നു.


