പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും.
‘പുതിയ കക്ഷികളുമായി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് ഏത് നിലയ്ക്കാണ് തങ്ങള്‍ക്ക് പിന്തുണ നല്‍കാനാകുകയെന്ന കാര്യങ്ങള്‍ വൈകാതെ ചര്‍ച്ച ചെയ്ത് തീരുമാനമാക്കും. സി.കെ ജാനുവിന്റെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെയും പാര്‍ട്ടികള്‍ നിലവില്‍ എന്‍ഡിഎയുടെ ഘടകകക്ഷികളാണ്. ഇവര്‍ എന്‍ഡിഎ വിട്ട് യുഡിഎഫ് മുന്നണിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് രേഖാമൂലം എഴുതിത്തന്നത് ചര്‍ച്ച ചെയ്തുകൊണ്ടാണ് അസോസിയേറ്റ് അംഗങ്ങളെന്ന നിലയിലേക്ക് ഇവരെ പരിഗണിച്ചിരിക്കുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉടന്‍ ആരംഭിക്കും.’ അതെത്രയും വേഗം പൂര്‍ത്തിയാക്കി അതാത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കണമെന്നാണ് യോഗത്തിലെ തീരുമാനമെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ജോസ് കെ മാണി വിഭാഗത്തെ കൂടി അസോസിയേറ്റ് മെമ്പർഷിപ്പിലേക്കോ മുന്നണിയിലേക്കോ പരിഗണിക്കാമെന്നുള്ള കാര്യം ചർച്ചചെയ്തെങ്കിലും പി ജെ ജോസഫ് അടക്കമുള്ളവർ ആ അജണ്ടയെ തന്നെ എതിർത്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു.
അതേസമയം, ബിജെപി ഭരണം ഇല്ലാതാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫും ആയി സഹകരിക്കില്ലെന്ന പ്രതിപക്ഷനേതാവിന്റെ തീരുമാനത്തെ യുഡിഎഫ് യോഗം പിന്തുണ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ ഇന്ത്യസഖ്യം ഉണ്ടെന്ന പ്രചാരണത്തിന് അത് ഊന്നൽ നൽകുമെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ അഭിപ്രായം.


