ന്യൂഡല്‍ഹി : മീ ടൂ ആരോപണത്തിനെ തുടര്‍ന്ന് മലയാളി ഐടി ഉദ്യോഗസ്ഥന് സ്വരൂപ് രാജിന്റെ ആത്മഹത്യാ കുറിപ്പാണ് ഇപ്പോള്‍ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. യുഎസ് കേന്ദ്രമായ മള്‍ട്ടി നാഷണല്‍ കമ്പനി ജെന്‍പാക്ടിന്റെ അസി. വൈസ് പ്രസിഡന്റ് കോതമംഗലം സ്വദേശി സ്വരൂപ് രാജിനെ(35)രണ്ടു ദിവസം മുന്‍പാണ് നോയിഡയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ലൈംഗിക അതിക്രമം ആരോപിച്ചു രണ്ടു വനിതാ സഹപ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്നു സസ്പെന്‍ഷനിലായിരുന്നു. ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചിരുന്നെന്നും നിഷ്പക്ഷമായി ഇതു പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണു സ്വരൂപിനെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യയോട് ആണയിട്ട് പറഞ്ഞ് സ്വരൂപ്
‘എനിക്ക് ആരെയും അഭിമുഖീകരിക്കാന്‍ ധൈര്യമില്ല. നീ ധൈര്യമായിരിക്കണം, നിന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായാകും കാണുക… അതിനാല്‍ ഞാന്‍ പോകുന്നു ‘.ഭാര്യ കൃതിക്ക് എഴുതിയ അവസാന കുറിപ്പില്‍ സ്വരൂപ് രാജ് കുറിച്ചിരിക്കുന്നത് ഇങ്ങനെ.’ഇന്നെനിക്കറിയാം ഞാന്‍ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്. രണ്ടു പേര് എനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നു.
എന്നെ വിശ്വസിക്കൂ ഞാന്‍ തെറ്റു ചെയ്തിട്ടില്ല. ലോകം വൈകാതെ അതു തിരിച്ചറിയും. പക്ഷേ നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിക്കണം. എല്ലാ ആരോപണവും അടിസ്ഥാനരഹിതമാണ്’സ്വന്തം കൈപ്പടയില്‍ സ്വരൂപ് എഴുതിയ അവസാന വാചകങ്ങള്‍. ഏതാനും ദിവസം മുന്‍പാണ് സ്വരൂപിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഇതിനു പിന്നാലെ കടുത്ത സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമായിരുന്നു സ്വരൂപെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. തമിഴ്നാട്ടിലെ വിനായക മിഷന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നു ബിരുദം നേടിയ ശേഷം 2007 സെപ്റ്റംബറില്‍ പ്രോസസ് ഡവലപ്പറായാണു ജെന്‍പാക്ടില്‍ പ്രവേശിക്കുന്നത്.

