പമ്പ: ശബരിമല സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു ഇറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു. പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്ടര്‍ തള്ളിനീക്കിയത്. രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്.
രാഷ്ട്രപതിയെ റോഡ് മാർഗ്ഗം പമ്പയിൽ എത്തിക്കുന്നത്.പമ്പാ സ്നാനത്തിന് പകരം കാൽ കഴുകി ശുദ്ധി വരുത്താൻ ത്രിവേണി പാലത്തിന് സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതിന് പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം അവിടെനിന്ന് റോഡ് മാർഗം പമ്പയിലേക്ക് പോയി. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷം പോലീസിൻ്റെ ഫോഴ്സ് ഗൂർഖാ വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് പോവുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തും.