തൊടുപുഴ: ബാങ്ക് മാനേജരെ പീഡനക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ എസ്.പി. ആര്.നിശാന്തിനിയടക്കമുള്ള പ്രതികള്‍ നഷ്ടപരിഹാരം നല്കി കേസ് ഒത്തുതീര്‍ത്തു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്ന ചര്‍ച്ചയില്‍ 18.5ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, കേസിലെ വാദിയും യൂണിയന് ബാങ്ക് തൊടുപുഴ ശാഖ മുന്‍ മാനേജരുമായ പേഴ്സി ജോസഫ് ഡസ്മണ്ടിന് ഹൈക്കോടതിയുടെ മീഡിയേഷന് സെന്ററില്‍ ജൂലായ് 12-ന് കൈമാറി.
അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തു. നിശാന്തിനിയെ കൂടാതെ റിട്ട. എസ്.ഐ. കെ.വി.മുരളീധരന്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി.ഡി.പ്രമീള, പോലീസുകാരായ കെ.എ.ഷാജി, നൂര്‍ സമീര്‍, പോലീസ് ൈഡ്രെവര് ടി.എം.സുനില്‍ എന്നിവരായിരുന്നു പ്രതികള്‍. കേസില്‍ അടുത്തിടെ വിധി വരാനിരിക്കെയാണ് ഒത്തുതീര്‍പ്പുണ്ടായത്. ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ റിപ്പോര്‍ട്ടും കേസ് തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷയും തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ചതായി പേഴ്സി ജോസഫ് പറഞ്ഞു.
ബാങ്കില്‍ വായ്പയുടെ ആവശ്യത്തിനെത്തിയ പോലീസുകാരിയെ അപമാനിച്ചെന്ന പരാതിയില്‍ 2016 ജൂലായ് 26-നാണ് പേഴ്സി ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് എ.എസ്.പി.യായിരുന്ന നിശാന്തിനിയും പോലീസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. അവശനിലയിലായ പേഴ്സിയെ പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി. അദ്ദേഹം മര്‍ദനത്തെപ്പറ്റി മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടു. ജാമ്യം ലഭിച്ചശേഷം മൂന്നുദിവസം ചികിത്സയിലായിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയടക്കം 18 പേരെ പ്രതിചേര്‍ത്ത് മാനനഷ്ടക്കേസ് ഫയല്‍ചെയ്തു. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ പ്രമീള തന്നെ കള്ളക്കേസില്‍ കുടുക്കാനായി മനഃപ്പൂര്‍വം ബാങ്കിലെത്തിയെന്നായിരുന്നു പേഴ്സിയുടെ വാദം.
അന്വേഷണം നടത്തിയ അന്നത്തെ എസ്.പി. ജോസഫ് ജോര്‍ജ് പോലീസുകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. മനുഷ്യാവകാശ കമ്മിഷന് ഇതിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് അന്നത്തെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ അന്വേഷണം നടത്തി നിശാന്തിനി അടക്കമുള്ളവര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു.


