തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഈ അധ്യയന വര്‍ഷം ( 2020 -21) മുതല്‍ ഓഫ് കാമ്പസ് ആരംഭിക്കുന്നു. ഉത്തര കേരളത്തിലെ, മാധ്യമ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്ത് വന്ന് താമസിച്ച് പഠിക്കുന്നതിന് പകരമായി ഈ ഓഫ് കാമ്പസ് പഠനത്തെ പ്രയോജനപ്പെടുത്താം. പയ്യന്നൂരിലെ പ്രശസ്തമായ കോ-ഓപ്പറേറ്റീവ് നാഷണല്‍ കോളജുമായി സഹകരിച്ചാണ് ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷ പി ജി ഡിപ്ലോമ ഇന്റഗ്രേറ്റഡ് സിലബസും കോഴ്സുമാണ് പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് നാഷണല്‍ കോളേജ് ഓഫ് കാമ്പസിലുമുള്ളത്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് തിരുവനന്തപുരം പ്രസ്ക്ലബ്ബ് മണ്ണന്തല സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഓഫ് കാമ്പസ് കോഴ്സിന്റെ മാതൃക പിന്തുടര്ന്നാണ് ഏറ്റവും പുതിയ ഡിജിറ്റല്‍ മാധ്യമ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ കോഴ്സ് പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് നാഷണല്‍ കോളേജിലും ആരംഭിക്കുന്നത് . കോവിഡ് പശ്ചാത്തലത്തില്‍ തുടക്കത്തില്‍ ഓണ്‍ലൈന്‍ ലൈവ് ആയിട്ടാണ് ക്ലാസുകള്‍ അടുത്ത മാസം ആരംഭിക്കുന്നത് .
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത . ഇപ്പോള്‍ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് നാഷണല്‍ കോളേജിന്റെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും വെബ് സൈറ്റുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 15 നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ നിയന്ത്രണങ്ങളില്‍ വരുന്ന ഇളവുകള്‍ പ്രകാരം നിബന്ധനകള്‍ പാലിച്ച് നേരിട്ടും അപേക്ഷകള്‍ സ്വീകരിക്കും.


