തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചതോടെ മന്ത്രി വിഎസ് സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. ഇന്നലെ രാത്രിയാണ് മന്ത്രി സെല്‍ഫ് ക്വാറന്റീനില്‍ പോകാന്‍ തീരുമാനിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വിഎസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് സ്ഥിതീകരിച്ച ആരോഗ്യ പ്രവര്‍ത്തക കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് പ്രതിരോധ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് താന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രവര്‍ത്തനങ്ങളുടെ അവലോക യോഗങ്ങളിലും മറ്റ് മേഖലാ സന്ദര്‍ശനങ്ങളിലും മാസ്കും, കയ്യുറയും ധരിച്ച് മാത്രമാണ് എത്തിയതെന്നും അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായും ടെലിഫോണിലൂടെയുമെല്ലാം കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു


