കൊണ്ടോട്ടി: ദുരൂഹസാഹചര്യത്തില്‍ കരിപ്പൂരില്‍ നിന്നും കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്മക്കളെയും മൂന്നാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ സുഹൃത്തിന്റെ ഫ്ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്തു നിന്നും ട്രെയിനില്‍ കോഴിക്കോട്ടെത്തിയ വീട്ടമ്മയും മക്കളും സ്നേഹിതയിലെത്തുകയായിരുന്നു. സ്നേഹിത പ്രവര്‍ത്തകരാണ് നടക്കാവ് പോലീസില്‍ വിവരം അറിയിച്ചത്.
കഴിഞ്ഞമാസം 30-നായിരുന്നുന്നു പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെയും പതിനെട്ട്, ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും കാണാതായത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയായിരുന്നു ഇവര്‍ വീട് വിട്ടിറങ്ങിയത്.
‘എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാന്‍ കാജയുടെ ഹള്റത്തിലേക്ക് പോകുന്നു’. പടച്ചവനും റസൂലൂം കാജായും എന്നെ കൈവിടില്ല..’ എന്നായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്. ഇത് പ്രകാരം പെണ്‍കുട്ടികളുമായി വീട്ടമ്മ അജ്മീറില്‍ അടക്കം തീര്‍ത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഒടുവില്‍ പോലീസ് കേരളത്തിനകത്തും പുറത്തുമായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. നടക്കാവിലെത്തിയ കരിപ്പൂര്‍ പോലീസ് നാല് പേരെയും നാട്ടിലേക്ക് കൊണ്ട് വന്നു. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.


