കൊച്ചി: ബസ് യാത്രക്കാരെ വഴിമധ്യേ ആക്രമിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സുരേഷ് കല്ലട. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് പുറത്തിറക്കിയ വിശദീകരണക്കുറിപ്പലാണ് ഖേദപ്രകടനം.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷമാണ് സംഭവത്തെക്കിറിച്ച് അറിയുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരെ യാത്രക്കാര്‍ ആക്രമിച്ചെന്നും കുറിപ്പില്‍ പറയുന്നു. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിച്ചെന്നും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തിയെന്നുമാണ് കല്ലട ട്രാവല്‍സ് പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

സംഭവത്തില്‍ സുരേഷ് കല്ലട ഗ്രൂപ്പിന്റെ രണ്ട് ബസ് ജീവനക്കാര്‍ അറസ്റ്റിലായി. ജയേഷ്, ജിതിന് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കല്ലട ഗ്രൂപ്പിന്റെ മാനേജര്‍ അടക്കം രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. തിരുവനന്തപുരം മാനേജരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.


