ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള തന്നോടു മാപ്പു ചോദിച്ചെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.തന്നെപ്പോലെ തന്നെ മീണയും നിയമത്തിന് അതീതനല്ലെന്നു ശ്രീധരന്‍പിള്ള തിരിച്ചടിച്ചതോടെ സംഭവം ചര്‍ച്ചയായി. തിരഞ്ഞെടുപ്പു കമ്മിഷനെ വിമര്‍ശിച്ചതില്‍ മാപ്പു ചോദിച്ചു രണ്ടു തവണ ശ്രീധരന്‍പിള്ള തന്നെ വിളിച്ചിരുന്നതായി ചാനല്‍ അഭിമുഖത്തിലാണു മീണ പറഞ്ഞത്. മാപ്പു ചോദിച്ച ശേഷം പുറത്തുപോയി വീണ്ടും അനാവശ്യമായി വിമര്‍ശനമുന്നയിക്കുകയാണ്. ഇതു നിരുത്തരവാദ സമീപനമാണെന്നും മീണ കുറ്റപ്പെടുത്തി.ഈ സമയത്തു മീണയുടെ പരാമര്‍ശങ്ങളോടു പ്രതികരിക്കുന്നില്ലെന്നു ഫെയ്സ്ബുക്കില്‍ ശ്രീധരന്‍പിള്ള മറുപടി നല്കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തു ചെയ്യണമെന്നു ബോധ്യമുണ്ട്. മീണയും നിയമത്തിന് അതീതനല്ലെന്നു മാത്രം തല്ക്കാലം ഓര്‍മിപ്പിക്കുന്നു – ശ്രീധരന് പിള്ള പറഞ്ഞു.അതിനിടെ, മീണയുടെ പ്രവര്‍ത്തനം നിഷ്പക്ഷമല്ലെന്നു ബിജെപി ദേശീയസമിതി അംഗവും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ പി.കെ.കൃഷ്ണദാസ് കുറ്റപ്പെടുത്തി. സിപിഎം നേതാവായി മാത്രമേ അദ്ദേഹത്തെ കാണാന്‍ സാധിക്കൂ എന്നും കൃഷ്ണദാസ് പറഞ്ഞു.


