തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ പിടിയില്‍. ശ്രീലങ്ക സ്വദേശി ശെല്വന് ആണ് ചെന്നൈയില്‍ നിന്ന് പിടിയിലായത്. അറസ്റ്റ് ഇന്നുണ്ടായേക്കും. കഴിഞ്ഞ ബുധനാഴ്ച കേരളാ പോലീസിന്റെ പ്രത്യേകാന്വേഷണസംഘവും തമിഴ്നാട് പോലീസും ചേര്‍ന്നാണു ശെല്‍വനെ പിടികൂടിയത്.

മനുഷ്യക്കടത്ത് ഇടനിലക്കാരനായ ശ്രീകാന്തന്റെ അടുത്തബന്ധുവാണു ശെല്വന്. തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് മണിക്കൂറുകളോളം ചോദ്യംചെയ്തശേഷമാണ് ഇയാളെ കേരളാ പോലീസിനു കൈമാറിയത്. ഇന്നലെ വൈകിട്ട് ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച ശെല്‍വനെ ദേശീയ അന്വേഷണ ഏജന്‍സി, ഐ.ബി, തമിഴ്നാട് പോലീസ് ക്യൂ ബ്രാഞ്ച് എന്നിവര്‍ ചേര്‍ന്നു ചോദ്യംചെയ്യുന്നതായാണു സൂചന. മുനമ്പത്ത് ശെല്‍വനും ശ്രീകാന്തനും ബോട്ടില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു ഡല്‍ഹി അംബേദ്കര്‍ കോളനിയില്‍ പിടിയിലായ പ്രഭു ദണ്ഡപാണി, രവി സനൂപ് എന്നിവരില്‍നിന്നാണു ശെല്വനെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. തുടര്‍ന്നു ശ്രീകാന്തന്റെ തിരുവനന്തപുരത്തെ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെപ്പറ്റി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ശ്രീകാന്തനും ബോട്ടില്‍ പോയതായാണു പ്രഭുവിന്റെ മൊഴി.
മനുഷ്യക്കടത്ത് കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്പിക്കുന്നതു സംബന്ധിച്ച് ഇന്നു നിലപാടറിയിക്കാന്‍ ഹൈക്കോടതി പോലീസിനോടു നിര്‍ദേശിച്ചിരുന്നു. നിലവില്‍ ആലുവ എ.എസ്.പി: എം.ജെ. സോജന്റെ നേതൃത്വത്തിലാണ് അന്വേഷണം. മനുഷ്യക്കടത്തിനായി ശ്രീകാന്തനും ശെല്‍വനും നൂറിലേറെപ്പേരില്നിന്ന് 1.80 കോടി രൂപ വാങ്ങിയതായാണു സൂചന. കഴിഞ്ഞ ജനുവരി 12-നു മുനമ്പത്തുനിന്നു പുറപ്പെട്ട സംഘം എവിടെയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഐ.ബി. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, റീയൂണിയന് ദ്വീപ് എന്നിവിടങ്ങളിലേക്കു കേരളാ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
കഴിഞ്ഞദിവസം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഐ.ജി: വിജയ് സാഖറെ മുനമ്പം മനുഷ്യക്കടത്ത് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഓസ്ട്രേലിയയിലേക്കു പുറപ്പെട്ടവരില്‍ 87 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

