കൊച്ചി: നേപ്പാളിൽ റിസോർട്ടിൽ ഹീറ്ററിൽ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ച് മരിച്ചുപോയ പ്രവീണിന്റെ കുഞ്ഞുങ്ങൾ പഠിച്ച കൊച്ചി എളമക്കരയിലെ വിദ്യാനികേതൻ സ്കൂള്‍, അവരുടെ കൊച്ചി എളമക്കരയിലെ ആ ഫ്ലാറ്റ്. വിശ്വസിക്കാവതല്ല, അവർക്കാർക്കും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും.
”നിധി പോലത്തെ കുഞ്ഞുങ്ങളായിരുന്നു. എന്ത് ഹോംവർക്ക് കൊടുത്താലും കൃത്യമായി ചെയ്യും. എന്ത് ചെയ്യാൻ പറഞ്ഞാലും അത് ചെയ്ത് ടീച്ചറേന്ന് പറഞ്ഞ് കയ്യിൽ കൊണ്ടുവന്ന് തരും”, പ്രവീണിന്റെ ഇളയ കുഞ്ഞ് അഭിനവിന്റെ ക്ലാസ് അധ്യാപിക ഹേതൽ വിതുമ്പിക്കരയുന്നു.
അഞ്ചുവയസ്സുകാരൻ അഭിനവ് അവസാനമായി ചെയ്ത ഹോംവർക്ക് അവരുടെ മുന്നിലുണ്ട്. മുന്നിൽ നിരത്തി വച്ച ആ പുസ്തകങ്ങൾക്ക് മുന്നിൽ കണ്ണു നിറഞ്ഞ് അധ്യാപകരിരിക്കുന്നു. ഇനിയൊരിക്കലും അവർ തിരിച്ചുവരില്ലെന്നുറപ്പായതോടെ. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ചേച്ചി ശ്രീഭദ്രയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ടൂർ പോവുകയാണെന്ന് അഭിനവിന്റെയും ആർച്ചയുടെയും ടീച്ചർമാരെ അറിയിച്ചത്. മുത്തച്ഛനോടൊപ്പമാണ് അവസാനദിവസവും മൂവരും സ്കൂളില്‍ നിന്നും മടങ്ങിപ്പോയത്.
ആർച്ചയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ സ്കൂള്‍ അധികൃതർക്ക് ആദ്യം കിട്ടിയ സൂചന. വൈകിട്ടോടെ ആ പ്രതീക്ഷയും നഷ്ടമായി. നാളെ സ്കൂള്‍ അസംബ്ലിയില്‍ മൂന്ന് കൂട്ടുകാർക്കും സഹപാഠികള്‍ ആദരാജ്ഞലിയർപ്പിക്കും.