ആലപ്പുഴ: നിരോധിത കീടനാശിനി ഉപയോഗം ക്രിമിനല്‍ കുറ്റമാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. ഇത്തരം കീടനാശിനികളുടെ ഉപയോഗം ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി സ്വീകരിക്കാനാണ് ആലോചന. തിരുവല്ലയില്‍ കീടനാശിനി തളിക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ മരിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. നിരോധിത കീടനാശിനികള്‍ പല സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒളിച്ചു കടത്തുന്നുണ്ട്. ഇതു കണ്ടുപിടിക്കുന്നതിന് കര്‍ഷകര്‍ തന്നെ മുന്നോട്ടുവരേണ്ടതാണ്. തിരുവല്ലയില്‍ ഉപയോഗിച്ച കീടനാശിനി പല സ്ഥലത്തും ഉപയോഗിക്കുന്നതായി പിന്നീട് നടന്ന റെയ്ഡില്‍ മനസ്സിലായി. പല കടകളില്‍ നിന്നും ഇത് കണ്ടെടുത്തു. ഒരിക്കലും റീട്ടെയില്‍ ഷോപ്പില്‍ വരാന്‍ പാടില്ലാത്ത ഒന്നാണിത്. കീടനാശിനി ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ 2016 മുതല്‍ നടപടി സ്വീകരിക്കുന്നതാണ്. 1289 മെട്രിക് ടണ്‍ കീടനാശിനി ഉപയോഗിച്ചിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 850 മെട്രിക് ടണ്ണായി കുറഞ്ഞത് അങ്ങിനെയാണെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. തിരുവല്ലയില്‍ ഉപയോഗിച്ചത് സംസ്ഥാനത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത മാരക കീടനാശിനിയാണ്. ഇത് കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദ്ദേശിച്ചിട്ടുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടതല്ല. ഇത് ഓഫീസറുടെ കുറിപ്പോടെ മാത്രമേ വാങ്ങാനും അനുവാദമുള്ളൂ. ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് ഇത് കേരളത്തിലെത്തിയതെന്നത് ദുരൂഹമാണമെന്നും മന്ത്രി പറഞ്ഞു.