സെൻസർ ബോർഡ് അനുമതി നിഷേധിച്ച ഹാൽ സിനിമ കാണാൻ ഹൈക്കോടതി. ഈ ശനിയാഴ്ച 7 മണിക്ക് ചിത്രം കാണും. ജസ്റ്റിസ് വി ജി അരുൺ ചിത്രം കാണാൻ എത്തും. കക്ഷിച്ചേർന്ന കത്തോലിക്ക കോൺഗ്രസ് പ്രതിനിധിയും ചിത്രം കാണാനെത്തും. കാക്കനാടുള്ള സ്റ്റുഡിയോയിൽ വച്ചാണ് സിനിമ കാണുക. സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.
ധ്വജപ്രണാമം, സംഘം കാവൽ ഉണ്ട് , രാഖി തുടങ്ങിയ കാര്യങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.പക്ഷെ ഇതെല്ലം ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും റിലീസ് വൈകുന്നത് സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്’ സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.
ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.