തിരുവനന്തപുരം : കാസർകോട് ജില്ലയിൽ കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടിയെ മർദ്ദിച്ച പ്രധാന അധ്യാപകന് വീഴ്ചയുണ്ടായതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ കണ്ടെത്തിയതായി മന്ത്രി വി ശിവൻകുട്ടി. പ്രധാന അധ്യാപകന് വീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ അദ്ദേഹത്തെ സ്ഥലം മാറ്റി ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി അറിയിച്ചു. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും ഒരു അധ്യാപകന്റെയോ സ്കൂൾ മാനേജ്മെന്റിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാർത്ഥി കേന്ദ്രീകൃതമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച് വിദ്യാർത്ഥികളുടെയെല്ലാം മുന്നിൽ വച്ച് കോളറിൽ പിടിച്ചുവെന്നും ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സി.ബി.എസ്.ഇ. സ്കൂളിന്റെ സമീപത്തു നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതും ഇതിലൊന്ന് പൊട്ടിത്തെറിച്ച് ഒരു വിദ്യാർത്ഥിക്കും ഒരു
വനിതയ്ക്കും പരിക്കേറ്റതുമായ സംഭവം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ഠൗൺ നോർത്ത് പോലീസ് സ്റ്റേഷൻ എക്സ്പ്ലോസീവ് സബ്സ്റ്റാൻസസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട്, എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
സംഭവത്തെ വളരെ ഗൗരവമായാണ് സംസ്ഥാന സർക്കാർ കാണുന്നത്. നിയമപരമായി കർശന നടപടികൾ ഉണ്ടാകും. ഒപ്പം തന്നെ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.