തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് ചൊവ്വാഴ്ച കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള, തമിഴ്നാട് പോലീസിന്റെ വ്യാപക തിരച്ചില്‍. കുട്ടി എത്തിയെന്നു കരുതുന്ന കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. നാട്ടുകാരേയും വ്യാപാരികളേയും ഉള്‍പ്പടെ കുട്ടിയുടെ ഫോട്ടോ കാണിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്.
അതിനിടെ, കന്യാകുമാരിയില്‍ പുലര്‍ച്ചെ 5.30-ന് കുട്ടിയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസിന് വിവരം നല്കി. ഓട്ടം പോകാനാണോ എന്ന് അന്വേഷിച്ചപ്പോള്‍ കുട്ടി മറുപടി നല്‍കിയില്ലെന്നും ഇതോടെ താന്‍ അവിടെനിന്ന് പോയെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും ഈ പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസും ആര്.പി.എഫ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നുണ്ട്്.
കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരന്റെ അടുത്തേക്ക് മകള്‍ പോകാന്‍ സാധ്യതയില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. അസമിലേക്ക് പോകുമെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.ശിവന് കുട്ടി അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി പോലീസിനെ അറിയിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ കുട്ടിയുടെ ചിത്രം പകര്‍ത്തുകയായിരുന്നു. ഈ ചിത്രം പോലീസ് കുട്ടിയുടെ പിതാവിനെ കാണിച്ചു. ചിത്രത്തിലുള്ളത് തസ്മീക് തന്നെയാണെന്ന് പിതാവ് അന്‍വര്‍ ഹുസൈന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് പോലീസ് കന്യാകുമാരിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.


