തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി കേരള സർവ്വകലാശാല ഓണററി ബിരുദം സമ്മാനിക്കുന്നതിനെ ചൊല്ലി വിവാദം. ഗവർണ്ണർ സ്ഥലത്തില്ലാത്ത ദിവസം പരിപാടി സംഘടിപ്പിക്കാൻ സർവ്വകലാശാല നിർബന്ധം പിടിച്ചെന്നാണ് ആക്ഷേപം. എന്നാൽ ഗവർണ്ണറുടെ നിർദ്ദേശപ്രകാരമാണ് പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി ബിരുദം സമ്മാനിക്കുന്നതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.
ക്രിസ് ഗോപാലകൃഷ്ണനും ഡോക്ടർ ജയന്ത് നർലേക്കറിനുമാണ് കേരള സർവ്വകലാശാലാ നാളെ ഡിഎസ്സി ബിരുദം നൽകി ആദരിക്കുന്നത്. സർവ്വകലാശാല ചട്ടപ്രകാരം ചാൻസിലര്‍ ആയ ഗവർണ്ണറാണ് ബിരുദം സമ്മാനിക്കേണ്ടത്. പക്ഷെ ഇതാദ്യമായി പ്രോ ചാന്‍സിലര്‍ ആയ വിദ്യാഭ്യാസമന്ത്രി ഓണററി ബിരുദം നൽകുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്തുണ്ടാകില്ലെന്നും ചെന്നൈയിലായിരിക്കുമെന്നും ഗവർണ്ണർ പി സദാശിവം സർവ്വകലാശാലയെ അറിയിച്ചിരുന്നു.
പക്ഷെ വ്യാഴാഴ്ച തന്നെ പരിപാടി നടത്തേണ്ടതുണ്ടെന്ന് സർവ്വകലാശാല രാജ്ഭവനെ അറിയിച്ചെന്നാണ് വിവരം. ആദരിക്കപ്പെടുന്ന അതിഥികൾ നൽകിയ സമയം അനുസരിച്ച് സർവ്വകലാശാല നിർബന്ധം പിടിച്ചെന്നാണ് സൂചന. ബിരുദദാനചടങ്ങിന് തൊട്ടുമുമ്പ് ചാന്‍സിലറുടെ അധ്യക്ഷതയിൽ സെനറ്റിൻറെ പ്രത്യേക യോഗം ചേരും. അതിലാണ് ബിരുദം നൽകുന്നതിൽ തീരുമാനമെടുക്കുക.
അതേ സമയം ഗവർണ്ണർ തന്നെയാണ് പ്രൊ ചാൻസിലറെ കൊണ്ട് ബിരുദം സമ്മാനിക്കാനുള്ള അനുമതി നൽകിയതെന്ന് സർവ്വകലാശാല വിശദീകരിച്ചു. ബിരുദ സർട്ടിഫിക്കറ്റിൽ ഗവർണ്ണർ നേരത്തെ ഒപ്പിട്ടതായും സർവ്വകലാശാല അറിയിച്ചു. സെനറ്റിലേക്ക് സർക്കാർ നൽകിയ സിപിഎം പ്രതിനിധികളുടെ പേര് വെട്ടിയതിനെ ചൊല്ലി കേരള സർവ്വകലാശാല ഗവർണ്ണറുമായി നല്ല ബന്ധത്തിലല്ല. അതിന്റെ തുടർച്ചയായാണോ ഗവർണ്ണറില്ലാത്ത തിയ്യതിക്ക് സർവ്വകലാശാല നിർബന്ധം പിടിച്ചതെന്ന് വ്യക്തമല്ല. അതേ സമയം ചാൻസിലറുടെ അഭാവത്തിൽ പ്രൊ ചാൻസിലര്‍ക്ക് ബിരുദം സമ്മാനിക്കാമെന്ന് ചട്ടം പറയുന്നുണ്ടെന്ന് സർവ്വകലാശാല വ്യക്തമാക്കുന്നു.


