രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോചിതമായ ഇടപെടലിൽ മനുഷ്യ ജീവന് ഹാനികരമായ ലാബ് മാലിന്യം പൊതു സ്ഥലത്ത് തള്ളിയ ആൾ പിടിയിൽ. പൂനയൂർ ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ പീരക്കാട്ട് പള്ളിക്ക് സമീപം റോഡരികിൽ ഉപയോഗിച്ച സിറിഞ്ചും രക്തത്തിൻ്റെ ടെസ്റ്റ് ട്യൂബും രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി യൂറിൻ കണ്ടെയ്നർ എന്നിവയാണ് അലക്ഷ്യമായി കളഞ്ഞത്.
ആറ്റുപുറം സെന്റ് ആന്റണീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഇബ്രാഹിം നാസിം മദ്രസയിൽ നിന്നും തിരികെ വരുമ്പോഴാണ് മാലിന്യ കെട്ടുകൾ കണ്ടത്. പിന്നീട് വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.വി.സീജ, ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, ഐആർടിസി കോഓർഡിനേറ്റർ ബി.എസ്.ആരിഫ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ പരിശോധിച്ചു. മണ്ണാരംകുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ടെക്നോളജിയാണ് മാലിന്യം സംസ്കരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവർക്ക് 50,000 രൂപ പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.


