ദില്ലി: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചു. ബില്ലിനുള്ള അവതരണാനുമതിയെ സഭയിലുണ്ടായിരുന്ന അംഗങ്ങളാരും എതിർത്തില്ല. ഇത് കൂടാതെ പ്രേമചന്ദ്രൻ തന്നെ കൊണ്ടുവന്ന തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകളും സഭയിൽ അവതരിപ്പിച്ചു.
‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.
ഇന്ന് ബില്ല് അവതരിപ്പിച്ചെങ്കിലും ഇത് ചർച്ചയ്ക്ക് എടുക്കൽ എളുപ്പമല്ല. 25-ാം തീയതിയാണ് ഏതൊക്കെ ബില്ലുകൾ ചർച്ചയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നറുക്കെടുപ്പ് നടക്കുക. അന്ന് നറുക്കെടുപ്പിൽ വിജയിച്ചാൽ ബില്ല് ചർച്ചയ്ക്ക് വരും.

