നെടുമ്പാശേരി അവയവക്കടത്ത് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം
പ്രതി സാബിത്ത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും. തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഏതൊക്കെ അവയവങ്ങൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. വൃക്കയ്ക്ക് പുറമേ കരളിൻറെ ഭാഗവും കച്ചവടം ചെയ്തതായി സംശയമുണ്ട്.അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെ, രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. സബിത്തിന് പാസ്പോർട്ട് ലഭിച്ചത് 10 ദിവസം മാത്രം വാടകയ്ക്ക് താമസിച്ച വീടിൻറെ അഡ്രസ്സിലാണ്. അവയവ കച്ചവടം നടത്തിയ പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്.