കൊച്ചി: സീറോ മലബാർ സഭ വ്യാജ രേഖ കേസിൽ അറസ്റ്റിലായ ആദിത്യനെ വൈദ്യ പരിശോധനയ്ക്ക് ശേഷം വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി. മജിസ്ട്രേറ്റ് ആദിത്യന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുകയാണ്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദിത്യന് രംഗത്തെത്തിയിരുന്നു. വൈദികർക്കെതിരെ മൊഴി നൽകാൻ പൊലീസ് മർദ്ദിച്ചുവെന്നും കാലിലെ നഖം പിഴുതെടുക്കാന്‍ ശ്രമിച്ചുവെന്നും ആദിത്യന് കോടതിയില്‍ പറഞ്ഞു.
കാൽ വെള്ളയിൽ നിരവധി വട്ടം അടിച്ചുവെന്നും ആദിത്യന് പറഞ്ഞു. ഫാദര്‍ ടോണി കല്ലൂക്കാരന്ടെ പേര് പറയാൻ നിർബന്ധിച്ചായിരുന്നു മര്‍ദ്ദനമെന്നും ആദിത്യന് കോടതിയില്‍ പറഞ്ഞു. കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടത്ത് ഇന്നലെ പ്രതികരിച്ചിരുന്നു.
കർദ്ദിനാളിനും ബിഷപ്പുമാർക്കും സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖകൾ വ്യാജമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഭയിലെ വൈദികർക്കെതിരെ മൊഴി നൽകുന്നതിന് മകനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വെച്ച് പൊലീസ് പീഡിപ്പിച്ചെന്ന് പ്രതി ആദിത്യന്റെ പിതാവ് സക്കറിയ ഇന്നലെ ആരോപിച്ചിരുന്നു.

