തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ റെയില്‍വേ ട്രാക്കിലൂടെ യുവാവ് പെണ്‍കുട്ടിയുമായി ബൈക്ക് ഓടിച്ച സംഭവം ആത്മഹത്യാ ശ്രമമാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പാറശ്ശാലയ്ക്ക് സമീപം ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്ബായിരുന്നു സംഭവം.
തീവണ്ടി കടന്നു പോകുന്നതിനായി ലെവല്‍ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിനിടെ യുവാവ് ബൈക്ക് പാളത്തില്‍ കയറ്റി ട്രെയിന്‍ വരുന്ന ദിശയിലേക്ക് ഓടിച്ചു പോകുകയായിരുന്നു. ഗേറ്റ് കീപ്പര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷന് മാസ്റ്റര്‍ ലോക്കോ പൈലറ്റിന് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ പരിശോധന നടത്തുന്നതിനിടെ രക്ഷപ്പെട്ട യുവാവിനും യുവതിക്കും വേണ്ടി റെയില്‍വേ സുരക്ഷാ സേന അന്വേഷണം തുടരുകയാണ്. സംഭവത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന സംശയത്തില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

