പെരുമ്പാവൂര്‍: കരള ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷല്‍ വരുന്ന 23ന് സംസ്ഥാനത്ത് സൂചനാ പണിമുടക്ക് നടത്തും. ചെറുകിട തടി വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാര നടപടികളാകാത്ത സാഹചര്യത്തിലാണ് സമര പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
നോട്ടു നിരോധനം മുതല്‍ ജിഎസ്ടി വരെയുള്ള അശാസ്ത്രീയ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ വ്യാപാര മേഖലയെ തകര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ തടിയെയും പാഴ്മരങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതിനുപുറമെയാണ് പെരുമ്പാവൂര്‍ വേയ്ബ്രിഡ്ജില് എത്തുന്ന തടിവാഹനങ്ങളില് നിന്നും250 രൂപയായി പ്രവര്‍ത്തന ഫണ്ട്, ചാരിറ്റി, ജിഎസ്ടി തുടങ്ങി നിയമ വിരുദ്ധ പിരിവുകളും ഈടാക്കുന്നതെന്ന് വ്യാപാരികള്‍ പരാതിപ്പെട്ടു. പണിമുടക്കു ദിവസം വൈകീട്ട് നാലിന് പെരുമ്പാവൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ വ്യാപാരികളുടെ പ്രതിഷേധ സംഗമവും നടക്കും.അസോസിയേഷന് സംസ്ഥാന ജന. സെക്രട്ടറി സി എസ് നാസര്‍, ട്രഷറര്‍ എം കെ കോയക്കുട്ടി, ജില്ലാ പ്രസിഡന്റ് കെ ജി സത്യന്, സെക്രട്ടറി ഷിഹാബ് എന്നിവര്‍ സംബന്ധിച്ചു.


