കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രദേശിക നേതാവ് അടക്കം അറസ്റ്റിലായതോടെ സിപിഎം വന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. കൂടാതെ കേസില്‍ അറസ്റ്റിലായ എ പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നതും സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നു. പാര്‍ട്ടി പറയാതെ പീതാംബരന് കൊല ചെയ്യില്ല എന്നാണ് കുടുംബം പറയുന്നത്. അതേസമയം ഇതിനെ തള്ളി കോടിയേരി ബാലകൃഷ്ണന് തന്നെ രംഗത്ത് വരികയുമുണ്ടായി.

ഒരു വശത്ത് പരസ്യമായി തള്ളിപ്പറയുമ്ബോഴും മറുവശത്ത് പീതാംബരന്റെ കുടുംബത്തിന് സിപിഎം രഹസ്യവാഗ്ദാനങ്ങള്‍ നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നാണ് സിപിഎം നിലപാട്. പ്രതികളെ ഒരു കാരണവശാലും സംരക്ഷിക്കില്ല എന്ന് പറഞ്ഞ സിപിഎം പീതാംബരന് അറസ്റ്റിലാകുന്നതിന് മുന്‍പേ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പീതാംബരന് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം കേസ് ഉന്നതരിലേക്ക് എത്താതിരിക്കാനുളള തന്ത്രമാണോ ഇതെന്നാണ് സംശയിക്കപ്പെടുന്നത്. അതിനിടെയാണ് പാര്‍ട്ടിയെ കുറ്റപ്പെടുത്തി പീതാംബരന്റെ കുടുംബം രംഗത്ത് വന്നത്. പീതാംബരന്റെ സ്വന്തം നിലയ്ക്ക് കൊലപാതകം ചെയ്യില്ലെന്നും കൊല ചെയ്തുവെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെ ആയിരിക്കും എന്നുമാണ് ഭാര്യ മഞ്ജുവും മകള്‍ ദേവികയും പ്രതികരിച്ചത്. കൊല്ലപ്പെട്ട യുവാക്കള്‍ കമ്ബിപ്പാര കൊണ്ട് തല്ലി പീതാംബരന്റെ കൈ ഒടിച്ചിരുന്നു. പരസഹായമില്ലാതെ സ്വന്തം കാര്യം പോലും ചെയ്യാന്‍ സാധിക്കാത്ത പീതാംബരന് കൊല നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും കുടുംബം പറയുന്നു. മറ്റാര്‍ക്കോ വേണ്ടി പീതാംബരന് കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. എന്നാല്‍ പീതാംബരന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ കോടിയേരി തള്ളിക്കളഞ്ഞു.


