ആലപ്പുഴ: ലേക് പാലസ് റിസോട്ടിന് മേൽ ചുമത്തിയ 2.73 കോടി രൂപ ഇതുവരെയുള്ള നികുതിയും അതിന്റെ പിഴയും മാത്രമെന്ന് നഗരസഭ. അനധികൃത കെട്ടിടം ക്രമപ്പെടുത്തണമെങ്കില്‍ മതിയായ രേഖകള്‍ ഹാജരാക്കണം. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അനധികൃത കെട്ടിടങ്ങള്‍ നഗരസഭയ്ക്ക് പൊളിച്ച് നീക്കാം.

അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന് രണ്ട് നടപടികളാണ് ലേക്പാലസ് റിസോര്‍ട്ട് ഇപ്പോള്‍ നേരിടുന്നത്. കേരളാ മുനിസിപ്പല്‍ ആക്ട് 242 പ്രകാരം ഇത്രയും കാലത്തെ നികുതിയും അതിനുള്ള പിഴയും അടക്കം 2.73 കോടി രൂപ നഗരസഭയിലടക്കണം. കേരളാ മുനിസിപ്പല്‍ ആക്ട് 406 പ്രകാരമുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. അതായത് അനധികൃത കെട്ടിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പതിനഞ്ച് ദിവസത്തിനകം പൊളിച്ച് നീക്കുകയോ കെട്ടിടങ്ങള്‍ ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കുകയോ വേണം.
ലേക് പാലസ് റിസോര്‍ട്ട് ക്രമപ്പെടുത്താനുള്ള അപേക്ഷ കൊടുത്തതോടെ മതിയായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സമയം വേണമെന്നായിരുന്നു മറുപടി. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പരമ്പരയ്ക്കിടെ ഏഷ്യാനെറ്റ്ന്യൂസ് നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് രേഖകള്‍ കാണാനില്ല എന്നായിരുന്നു നഗരസഭയുടെ മറുപടി.


