തിരുവനന്തപുരം:കേന്ദ്രസർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ അംഗമാകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിപിഐ മുഖപത്രത്തില്‍ ലേഖനം. സർക്കാരിന്റെ നയ വ്യതിയാനം ആത്മഹത്യാപരമെന്ന് ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു. ആർഎസ്എസ് തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാട് ബലികഴിക്കരുത്.അർഹമായത് കിട്ടാത്തതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയും വേണം.പദ്ധതി നടപ്പാക്കിയാൽ കേരളത്തിൽ രണ്ടുതരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പൊതുവിദ്യാഭ്യാസ മന്ത്രി നീങ്ങിയതെന്ന വിമർശനം മുന്നണിയിൽ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ യോഗം ചേരുന്ന കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം പോലും തേടിയിരുന്നില്ല.കേന്ദ്രത്തിനുവേണ്ടി ആർഎസ്എസ് ഒരുക്കിയ കെണിയിൽ വീഴരുതെന്നാണ് സിപിഐ മുഖപത്രം ജനയുഗത്തിലെ ലേഖനത്തിലെ മുന്നറിയിപ്പ്. പിഎം ശ്രീയിൽ ഇനി കൂടുതൽ പ്രതികരണം ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
അതേസമയം, പിഎം ശ്രീ പദ്ധതിയിലെ സിപിഐയുടെ എതിർപ്പ് ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എതിർപ്പുന്നയിക്കുന്നതിൽ തെറ്റില്ല. ഫണ്ട് ഇല്ലാത്തതിനാലാണ് പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.