എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണ്. സിപിഐഎമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. കുടുംബത്തോട് സംസാരിച്ചുവെന്നും നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയായാലും കേരളമായാലും പാർട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പിപി ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. അതിന് സമയം താമസിപ്പിക്കാതെ മാറ്റി. നവീൻ ബാബുവിൻ്റെ കുടുംബത്തിന് ഒപ്പമാണെന്ന് പറയുന്ന മാധ്യമങ്ങളുടെ പ്രയോഗം തെറ്റാണ്. പാർട്ടി കുടുംബത്തിനൊപ്പം തന്നെയാണ്. എംവി ജയരാജൻ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. വിഷയത്തിൽ ആദ്യം മുതൽ തന്നെ പാർട്ടി കുടുംബത്തിന് ഒപ്പമാണ്. ആവശ്യമില്ലാതെ വാർത്തകൾ ഉണ്ടാക്കരുത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ താനാണ് പറയുന്നത് പാർട്ടി കുടുംബത്തോടൊപ്പമാണെന്ന്. അന്വേഷണത്തിന് എന്തെല്ലാം നടപടികൾ വേണോ അതിനെല്ലാം പൂർണ്ണമായി പിന്തുണക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


