ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.പുതിയ സിനിമാനയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമ നിര്‍മ്മാണ വിതരണ പ്രദര്‍ശന മേഖലയിലെ പ്രശ്നങ്ങള്‍ വീണ്ടും പഠിക്കും. ഒരു കോടി രൂപ ഇതിനായി സാംസ്കാരിക വകുപ്പ് അനുവദിച്ചു.ചലച്ചിത്ര അക്കാദമിയുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്.
മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വൻകിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയിൽ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങൾക്ക് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ട കുറ്റകൃത്യങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്ന പരാമര്‍ശമുണ്ട്. ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ പൊലീസ് ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു. വിദൂരമാണ് കേസെടുക്കാനുള്ള സാധ്യത. ഐ.സി.സിക്ക് മുകളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്മറ്റി വേണമെന്നതാണ് മറ്റൊരു ആവശ്യം. സിനിമയ്ക്ക് ഉള്ളിലെ പരാതികള്‍ പറയാന്‍ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റികളിലും പുരുഷന്മാരുടെ നിയന്ത്രണമാണുള്ളത്. അതും സര്‍ക്കാര്‍ ഇടപെട്ട് തന്നെ അവസാനിപ്പിക്കണം. സ്ക്രീനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ അവസരം നല്കാന് ഇടപെടല്‍ ഉണ്ടാവണം. 30% സ്ത്രീ സംവരണം ഏര്‍പ്പെടുത്തണം. സിനിമയില്‍ അധികാര കേന്ദ്രങ്ങളായി സ്ത്രീകളെ അവതരിപ്പിക്കണമെന്ന ഹേമ കമ്മിറ്റി നിര്‍ദേശം നടപ്പിലാക്കുമോ എന്ന് കണ്ടറിയണം. ലിംഗ സമത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം സര്‍ക്കാരിന്റെ ആലോചനയിലാണ്.


