ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ബീഫ് ഫ്രൈയില്‍ ചത്ത പല്ലിയെ കിട്ടിയതായി പരാതി. തമിഴ്നാട് മാര്‍ത്താണ്ഡത്തെ ബദ്രിയ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പളുകൽ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഭുവനേന്ദ്രൻ കുടുംബസമേതം മാർത്താണ്ഡം പൊലീസ് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ മകൻ രോഹിത് കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ബീഫ് ഫ്രൈ വാങ്ങി.
വീട്ടിലെത്തി പാഴ്സൽ തുറന്നപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി, നടപടികൾ സ്വീകരിച്ചു. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഹോട്ടലുകളിൽ കർശന പരിശോധന നടത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ആവശ്യപ്പെട്ടു.


