കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ വരാപ്പുഴ എസ്.ഐയായിരുന്ന ദീപക്കിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ശ്രീജിത്തിനെ മര്‍ദ്ദിച്ചത് ദീപക്കിന്റെ നേതൃത്വത്തിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ നാലാം പ്രതിയാക്കിയത്. റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) അംഗങ്ങളായ മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും
കേസില്‍ ആരോപണ വിധേയനായിരുന്ന ദീപകിനെ ഇന്നലെ രാവിലെ മുതല്‍ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റുചെയ്തത്. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ പറവൂര്‍ സി.ഐ സാം ക്രിസ്പിന്, എസ്.ഐ ദീപക്ക് എന്നിവര്‍ക്ക് ഗുരുതരമായ വീഴ്ച വന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദീപക്കിനെ ചോദ്യം ചെയ്തത്. സ്റ്റേഷന്റെ ചുമതലക്കാരനായ സി.ഐ. ഏല്‍പ്പിച്ച പ്രതിയെ നോക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി.വെള്ളം ചോദിച്ച ശ്രീജിത്തിന് അതു നല്‍കാനെത്തിയ അമ്മ ശ്യാമളയെ സ്റ്റേഷനില്‍ നിന്ന് ആട്ടിയോടിച്ചത് പ്രതിയെ കൊല്ലുന്നതിന് മുന്‍വിധിയോടെയുള്ള പ്രവൃത്തിയാണോയെന്നതും സംഘം നിരീക്ഷിച്ചു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്.


