കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന് ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരേ കുടുംബം.
അന്വേഷണത്തില്‍ തുടക്കം മുതല്‍ അട്ടിമറി ഉണ്ടായിരുന്നെന്ന് വിശ്വനാഥന്റെ സഹോദരന് വിനോദ് ആരോപിച്ചു.
വിശ്വനാഥന് ജീവനൊടുക്കേണ്ട സാഹചര്യമില്ല. തിരക്കഥയ്ക്ക് അനുസൃതമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കുടുംബം പ്രതികരിച്ചു.പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയോടൊപ്പമാണ് വിശ്വനാഥൻ മെഡിക്കല്‍ കോളജില്‍ എത്തിയത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇയാളെ ആശുപത്രി പരിസരത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുമ്പ് ഇയാള്‍ മോഷ്ടാവാണ് എന്ന് ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടന്നതായി പരാതി ഉയർന്നിരുന്നു.ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും സംശയം ഉയർന്നിരുന്നു. ഇയാളുടെ മരണം കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാല്‍ വിശ്വനാഥൻ തൂങ്ങി മരിച്ചത് ആള്‍ക്കൂട്ട വിചാരണയെ തുടർന്ന് അല്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ കുടുംബം രംഗത്തുവന്നിരിക്കുന്നത്.


