തിരുവനന്തപുരം: മന്ത്രി എം എം മണി അവഹേളിച്ചതായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോളാണ് മന്ത്രി അവഹേളിച്ചത്. തോന്ന്യവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞതായി വിജി പറഞ്ഞു.
സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്കിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്ന് വിജി സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന സമരം ഇത് പത്താം ദിവസമെത്തി നില്‍ക്കുകയാണ്. സര്‍ക്കാര്‍ സഹായമുണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിമാരെ വിജിയും സമര സമിതി പ്രവര്‍ത്തകരും നേരിട്ട് ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്.
സനല്‍ കുമാറിന്റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരത്തിനിരിക്കുന്നത്. രണ്ടു മക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സനല്‍ കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കുടുംബത്തിന് സഹായവും ഭാര്യ വിജിക്ക് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു.


