തിരുവനന്തപുരം വർക്കല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ.യുടെ പേരിൽ ലക്കി കൂപ്പൺ അടിച്ചു നൽകി നിർബന്ധിത പണപ്പിരിവെന്ന് പരാതി. ഒരു വിദ്യാർത്ഥി 500 രൂപ ഇത്തരത്തിൽ പിരിച്ചു നൽകണം. സബ്ജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള പണപ്പിരിവിനെതിരെ
രക്ഷകർത്താക്കൾ പരാതിയുമായെത്തി.
സ്കൂൾ കുട്ടികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്താൻ പാടില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം നിലനിൽക്കവെയാണ് വർക്കല ഗവൺമെൻറ് ഹൈസ്കൂൾ പി.ടി.എ.യുടെ ലക്കി കൂപ്പൺ പിരിവ്. സബ്ജില്ലാ കലോത്സവത്തിന് മുന്നോടിയായിട്ടായിരുന്നു പണപ്പിരിവ്. 20 രൂപയുടെ 25 കൂപ്പണുകൾ അടങ്ങുന്ന റസിപ്റ്റ് ബുക്ക് അച്ചടിച്ച് കുട്ടികൾക്ക് നൽകി. ഒരു വിദ്യാർത്ഥി 500 രൂപ ഇത്തരത്തിൽ പിരിച്ചു നൽകണം. കൂപ്പണിനു പുറമേ കുട്ടികൾ 100 രൂപ വീതം നിർബന്ധിത പിരിവും നൽകണം. ഇതോടെയാണ് രക്ഷകർത്താക്കൾ പരാതിയുമായി രംഗത്തെത്തിയത്.

