കണ്ണൂർ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ബന്ധു ബാലകൃഷ്ണൻ. പരാതിയിലെ ഒപ്പുകളിലെ വൈരുധ്യം കൂടി പുറത്ത് വന്നതോടെ എഡിഎമ്മിനെതിരെ വന്നത് വ്യാജ പരാതി തന്നെയാണെന്ന് ബാലകൃഷ്ണൻ പറയുന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തില്‍ തന്നെയാണ് നവീന്‍ ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത കൂടുതല്‍ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.
ഒരു പരുവത്തിൽ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്, വല്യ ബുദ്ധിമുട്ടാണ്, എങ്ങനെയെങ്കിലും ട്രാൻസ്ഫർ വാങ്ങി തിരികെ വരണം എന്ന് നവീൻ ബാബു വിശദമാക്കിയതായാണ് ബാലകൃഷ്ണൻ പറയുന്നത്. ട്രാൻസ്ഫർ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീൻ ബാബു പറഞ്ഞിരുന്നു. പല കാര്യങ്ങളും നിയമം വിട്ട് ചെയ്യാൻ നവീൻ ബാബുവിനെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കിയിരുന്നു. എതിർത്ത് പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന ഭയവും നവീനിന് ഉണ്ടായിരുന്നുവെന്നും ബന്ധു പറയുന്നു.
കളക്ടര്‍ക്കെതിരെയും പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ മാറ്റാന്‍ സാധ്യതയുണ്ട്. നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തില്‍ കളക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം നടക്കുന്നത്. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റും.


