ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. റിപ്പോർട്ടിന് സ്റ്റേ ഇല്ല. റിപ്പോർട്ട് ഉടൻ മാധ്യമപ്രവർത്തകർക്ക് കൈമാറും.അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്.
നേരത്തെ ഡിവിഷൻ ബെഞ്ച് രഞ്ജിനിയുടെ ഹർജി തള്ളിയിരുന്നു. സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്നാണ് സിംഗിൾ ബെഞ്ചിനെ രഞ്ജിനി സമീപിച്ചത്. ഇതാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്ന അഞ്ച് മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ട് കൈമാറും. 233 പേജുകളാണ് പരസ്യപ്പെടുത്തുക.ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.


