മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന് സിദ്ദിഖ്. മലയാളത്തിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കൊച്ചിയില്‍ വച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. റിപ്പോര്‍ട്ടില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതാണെന്ന് സിദ്ധിഖ് പറഞ്ഞു. എന്നിരിക്കിലും ആര്‍ക്കെതിരെയാണ് ആരോപണം, എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ അറിഞ്ഞശേഷമേ പ്രതികരിക്കാനും നടപടിയെടുക്കാനും കഴിയൂ. നിയമ നടപടികള്‍ക്കായി സര്‍ക്കാരുമായി സഹകരിക്കുമെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു
എന്താണ് റിപ്പോര്‍ട്ടെന്നോ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളോ മനസിലായിട്ടില്ല. ഈ റിപ്പോര്‍ട്ട് ഏത് രീതിയിലാണ് ബാധിക്കുന്നതെന്നോ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നോ വ്യക്തമല്ല. രണ്ട് മൂന്ന് ദിവസമായി അമ്മ നടത്തുന്ന ഷോയുടെ ഭാഗമായി എറണാകുളത്താണ്. അതിനാണ് ഇപ്പോള്‍ പ്രധാന്യം കൊടുക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എന്ത് പറയണം എന്ന ഒരു തീരുമാനം എടുത്ത് അതില്‍ പ്രതികരിക്കാം.
സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി വിളിക്കുന്ന പെണ്‍കുട്ടികള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളില്‍ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാതാരങ്ങളില്‍ പലര്‍ക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.


