കോവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. നൂറുകണക്കിന് ബ്രാഞ്ചുകളുള്ള അഞ്ചോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകള്‍ പാപ്പര്‍ ഹര്‍ജി കൊടുക്കാനുള്ള ആലോചനയിലാണ്. നോട്ടുനിരോധനവും, റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യവും അപ്രതീക്ഷിതമായെത്തിയ കോവിഡുമാണ് ധനകാര്യസ്ഥാപനങ്ങളുടെ അന്ത്യം കുറിക്കാന്‍ വഴിവെച്ചിരിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങള്‍ വിവിധ വായ്പകളായും മൈക്രോഫിനാന്‍സ് തുകയായും ജനങ്ങള്‍ക്ക് നല്കിയ ലക്ഷങ്ങളുടെ തിരിച്ചടവ് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയതോടെ കമ്പിനികള്‍ പ്രതിസന്ധിയിലായി. എല്ലാത്തരം വായ്പകള്‍ക്കും റിസര്‍വ്വ് ബാങ്ക് ആഗസ്റ്റ് 31 വരെ മൊറോട്ടോറിയം പ്രഖ്യാപിച്ചതോടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നിലച്ചത്.
നിക്ഷേപകര്‍ കൂട്ടമായെത്തി തങ്ങളുടെ നിക്ഷേപത്തുക മൊത്തമായി തിരികെ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച നൂറുകണക്കിനാളുകള്‍ പെന്ഷന് ആനൂകൂല്യമായി കിട്ടിയതില്‍ ഒരു വിഹിതം പലിശ കിട്ടുമെന്ന പ്രതീക്ഷയില്‍ നിരവധി സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധി തുടര്‍ന്നാല്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും വൈകാതെ അടച്ചുപൂട്ടേണ്ടിവരും. സ്വര്‍ണ്ണത്തിന് ദിവസവും വില വര്‍ദ്ധിച്ചു വരുന്നതോടെ പണയ ഉരുപ്പിടികള്‍ വാങ്ങിയുള്ള വായ്പകള്‍ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. വിവിധ ബാങ്കുകളില്‍ ആസ്തികള്‍ പണയപ്പെടുത്തി വായ്പ സംഘടിപ്പിക്കാന്‍ മാനേജ്മെന്റുകള്‍ നീക്കം നടത്തുന്നുണ്ടെങ്കിലും വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ വിലങ്ങുതടിയാകുന്നു.
സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊങ്ങി നിരവധി ചിട്ടിസ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്നും വാങ്ങിച്ചെടുത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന പ്രവണത മുന്‍കാലങ്ങളില്‍ പതിവായിരുന്നു.


