കണ്ണൂർ: കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കർണാടക ആർടിസി ബസ് അപകടത്തിൽ പെട്ട് ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ വീരാജ് പേട്ട, കണ്ണൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 4 മണിയോടെയായിരുന്നു അപകടമുണ്ടായത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന കർണാടക ആർടിസി അമ്പാരി ബസ് ആണ് അപകടത്തിൽ പെട്ടത്. മഴയും കോടമഞ്ഞും കാരണം ഡ്രൈവർക്ക് കാഴ്ച മറയുകയും നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. ബസ് മരത്തിൽ ഇടിച്ചില്ലായിരുന്നെങ്കിൽ താഴേക്ക് മറിഞ്ഞ് വലിയ അപകടം ഉണ്ടാകുമായിരുന്നു എന്നാണ് അധികൃതർ അറിയിച്ചു.
ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുൻഭാഗം തകർന്ന് കുടുങ്ങിക്കിടന്ന ബസ് ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.


