കണ്ണൂര്‍: ഒരുമഴ കനത്ത് പെയ്തപ്പോഴേക്കും കണ്ണൂർ താവക്കരയിലെ കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസും സമീപത്തെ വീടുകളും വെള്ളത്തിൽ മുങ്ങി. സമീപത്തെ ആശുപത്രികളിൽ നിന്നും നഗരത്തിൽ നിന്നുമെത്തിയ മലിനജലത്തിൽ നിന്ന് ആളുകളെ മാറ്റിയത് ഫയർഫോഴ്സെത്തിയാണ്. ചതുപ്പ് പ്രദേശത്ത് യൂണിവേഴ്സിറ്റി മണ്ണിട്ടുനികത്തി നടത്തിയ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നഗരത്തിൽ നിന്നുള്ള മാലിന്യം വഹിക്കുന്ന നിരവധി ഓവുചാലുകൾ കടന്നുപോകുന്ന താഴ്ന്ന പ്രദേശമാണ് കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് പരിസരം. ഒറ്റമഴയിൽ വീടുകൾ മുങ്ങുന്ന സ്ഥിതിയായിരിക്കുകയാണ് ഇവിടെ. ഫയർഫോഴ്സെത്തി ഡിങ്കി ബോട്ടിറക്കിയാണ് ആളുകളെ മാറ്റിയത്. യൂണിവേഴ്സിറ്റിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വിദ്യാർത്ഥികളും വെള്ളക്കെട്ടിനെ തുടര്‍ന്ന് വലഞ്ഞു. വെള്ളക്കെട്ടിൽ കുഴിയിൽ വീണ് പലർക്കും പരിക്കേറ്റു. പഴയ ചതുപ്പ് ഭൂമിയിൽ യൂണിവേഴ്സിറ്റി പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണെടുക്കുകയും മറ്റിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.


