എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വേലായുധന്റെ അയൽവാസി സീന.നമുക്ക് ജീവിക്കണം, ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ യുവതി ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും രൂക്ഷഭാഷയിൽ പ്രതികരിച്ചു. തൊട്ടടുത്ത പറമ്പിൽ നിന്ന് പോലും നേരത്തെയും ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നതെന്നും അവർ പറഞ്ഞു.
ഇന്നലെയാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.