തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. കുഞ്ഞിന് അനക്കമില്ല എന്ന് ഡോക്ടറെ അറിയിച്ചപ്പോൾ ഉറങ്ങുന്നത് ആകും എന്ന് പറഞ്ഞ് തിരിച്ചയച്ചതായി കുടുംബം ആരോപിച്ചു.അടുത്ത ദിവസം നടത്തിയ സ്കാനിങിലാണ് കുട്ടി വയറ്റില്‍ മരിച്ചതായി കണ്ടെത്തിയത്.
എട്ടുമാസം ഗർഭിണിയായ പവിത്രയുടെ കുഞ്ഞിന് അനക്കമില്ലാത്തത് കാണിക്കാനായിരുന്നു വ്യാഴാഴ്ച രാത്രി 11 മണിയോടെ തൈക്കാട് സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധന പോലുമില്ലാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞു. എട്ടു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. സ്കാനിങിന് ശേഷം എസ്ഐടി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണമറിയാന്‍ കുഞ്ഞിന് പോസ്റ്റ്മോര്‍ട്ടം നടത്തും.തൈക്കാട് ആശുപത്രിയിലെ ഡോക്ടർ കൃത്യമായി പരിശോധിച്ചിരുന്നുവെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന് ലിബു പറഞ്ഞു.


