തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും ഇന്നും ശക്തമായ മഴ തുടരും. ശക്തമായ കാറ്റും മഴയും നാലു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലും നദിക്കരയിലും കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താസമിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കി.