കണ്ണൂർ: കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന പിലാത്തറയിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോട്ട് ചെയ്തശേഷം ശാലറ്റ് എന്ന സ്ത്രീ ബൂത്ത് പരിധിയിൽ നിന്ന് പുറത്ത് പോയില്ലെന്ന് കാട്ടി സിപിഎം പ്രവർത്തകർ ബഹളം ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ തവണ ശാലറ്റിന്റെ വോട്ട് കള്ളവോട്ടായി മറ്റൊരാൾ രേഖപ്പെടുത്തുകയായിരുന്നു. വാക്കേറ്റത്തെ തുടര്‍ന്ന് ശാലറ്റിനെ പൊലീസ് വാഹനത്തിൽ സ്ഥലത്ത് നിന്ന് മാറ്റി.
കള്ളവോട്ട് നടന്ന കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്. കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ജനവിധി. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


