
കൊച്ചി: ആലുവയില്‍ അമ്മയില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന് ഒടുവില്‍ മരണത്തിന് കീഴടങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത്. കുട്ടിയുടെ വലതുമസ്തിഷ്കത്തിനാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. കുറ്റം സമ്മതിച്ചതിന് പിന്നാലെ അമ്മയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.
കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കുട്ടി മരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാകും പോലീസ് കുറ്റപത്രം തയ്യാറാക്കുക. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായിരുന്നു. കുട്ടിയുടെ വലത് മസ്തിഷ്കത്തിലാണ് സാരമായ പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിക്കുന്നത്. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകള്‍ സംബന്ധിച്ച് മാതാപിതാക്കള്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചത്.


