കൊച്ചി: സംവിധായകന് ആഷിഖ് അബുവിനു മണി ഓര്‍ഡര്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആലുവയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണി ഓര്‍ഡര്‍ അയച്ച് പ്രതിഷേധിച്ചത്.
നേരത്തെ, സംഗീത പരിപാടിയുമായി ബന്ധപ്പെട്ട പരാതിയില്‍ സംഘാടകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന് പ്രസിഡന്റ് ബിജിബാലിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ആഷിക് അബു ഉള്‍പ്പെടെയുള്ളവരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ബുധനാഴ്ച കൊച്ചിയില്‍ ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായയിലായിരുന്നു ചോദ്യംചെയ്യല്‍.
സംഗീത പരിപാടി നഷ്ടമായിരുന്നുവെന്നാണ് സംഘാടകര്‍ പോലീസിനു മൊഴി നല്‍കിയത്. 23 ലക്ഷം രൂപയോളം പരിപാടിക്കായി ചെലവായെന്നും ടിക്കറ്റ് വരുമാനത്തിലൂടെ ആകെ 6.22 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്നുമാണു സംഘാടകര്‍ പറയുന്നത്. ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്.
ജില്ലാ കളക്ടര്‍ക്കു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നല്കിയ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറയ്ക്കു കൈമാറുകയും കേസന്വേഷണം അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനെ ഏല്‍പ്പിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ പേരു ദുര്‍വിനിയോഗം ചെയ്തു ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാനെന്ന പേരില്‍ നടത്തിയ പരിപാടിയില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് പണം തട്ടിയെന്നാണു പരാതി. സാന്പത്തിക ക്രമക്കേട് തെളിഞ്ഞാല്‍ മാത്രമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.


