സംരംഭകത്വത്തില്‍ കേരളത്തിന് മാതൃകയാവുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകര്‍. സാമൂഹിത്തിന്റെ വിവിധ കോണുകളില്‍ നിന്നായി പലവിധ തിരിച്ചടികള്‍ നേരിട്ടിട്ടും തോല്ക്കാന് തനിക്ക് മനസില്ലെന്നു ഉറക്കെ വിളിച്ചു പറയുകയാണ് ഇവര്‍. ഇത്തരത്തില്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് മേഖലയില്‍ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകയായ മോനിഷ.
കോഴിക്കോട് നഗരത്തില്‍ സിവില്‍സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ജ്യൂസ് കടയുണ്ട്. ഇവിടെ 7 തരം നെല്ലിക്ക ജ്യൂസുകളും മറ്റു വിവിധയിനം ജ്യൂസുകളുമായി മോനിഷ ആവശ്യക്കാരെ കാത്തിരിക്കുന്നു . കുടുംബശ്രീയുടെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡറായ മോനിഷയും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ചതാണ് ഈ ജ്യൂസ് പാര്‍ലര്‍. വ്യത്യസ്ത രുചികളിലുള്ള ജ്യൂസുമായി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും എക്സിബിഷനുകള്‍ നടത്തി വരുമാനം കണ്ടെത്തുകയാണ് ഈ സംഘം.
അടുത്തിടെ തൃശൂര്‍ ജില്ലയില്‍ കലോത്സവത്തോട് അനുബന്ധിച്ച് രണ്ടു ദിവസം സ്റ്റാള്‍ ഇട്ട് 275000 രൂപയുടെ വരുമാനമാണ് ഇവര്‍ നേടിയത്. പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 30000 രൂപയുടെ വരുമാനം നേടാന്‍ ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും കഴിയുന്നുണ്ടെന്ന് മോനിഷ പറയുന്നു. മോനിഷയെ കൂടാതെ അലീന , വര്‍ഷ, ഷംന എന്നിവരാണ് ഗ്രൂപ്പില്‍ ഉള്ളത്. തന്റെ നാടായ രാമനാട്ടുകരയില്‍ ഒരു സ്ഥിരം ജ്യൂസ് സ്റ്റാള്‍ ഇടണം എന്നാണ് ഈ സംരംഭകയുടെ ആഗ്രഹം.
മറ്റുള്ളവരുടെ ചെലവില്‍ ജീവിക്കാതെ, സ്വന്തം കലയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാകുക എന്നതാണ് തങ്ങളുടെ താല്പര്യം എന്ന് മോനിഷ പറയുന്നു. തുല്യ നീതി ഉറപ്പു വരുത്തി സംരംഭകവസരങ്ങള് നല്കി സര്‍ക്കാര്‍ കൂടെയുണ്ട് എന്നത് എന്നും ആവേശവും പ്രോത്സാഹനവുമാണ് എന്ന് മോനിഷ വ്യക്തമാക്കുന്നു.


